ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുന്നതിന് തൊട്ടുമുമ്പ്, സ്വന്തം കുടുംബത്തെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയിരുന്നുവെന്ന് പോളണ്ട് പോലീസ് സ്ഥിരീകരിച്ചു.
കുടുംബത്തെ സ്വന്തം വീട്ടില്‍ തീര്‍ത്തു
Ostrowiec Swietokrzyski നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് ദാരുണ സംഭവം നടന്നത്. പ്രതി മിഖാല്‍ ഒ. തന്റെ മാതാപിതാക്കളായ റെനാറ്റ (52), ജാനുഷ് (53), ഒപ്പം സന്ദര്‍ശകയായി എത്തിയ ഇളയ സഹോദരി മഗ്ദലേന (21) എന്നിവരെ വെടിവച്ചുകൊല്ലുകയായിരുന്നു.
വാരാന്ത്യ അവധിക്കായി ക്രാക്കോയില്‍ നിന്നും വീട്ടിലെത്തിയതായിരുന്നു സഹോദരി മഗ്ദലേന.
സെന്‍ട്രല്‍ പോളണ്ടിലെ ഈ പഴയ വ്യവസായ നഗരത്തില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു പ്രതിയുടെ താമസം. കുടുംബത്തിന് സ്വന്തമായി ഒരു തോക്ക് ശേഖരമുണ്ടായിരുന്നതായും, എല്ലാ ഞായറാഴ്ചയും ഇവര്‍ ഷൂട്ടിംഗ് റേഞ്ചില്‍ പോകാറുണ്ടായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.
തീവ്രവാദ ബന്ധം സംശയിക്കുന്നു
മറ്റുള്ളവരുമായി ഇടപഴകാത്ത, വിചിത്ര സ്വഭാവക്കാരനായ ഒറ്റയാന് എന്ന നിലയിലാണ് മിഖാലിനെ നാട്ടുകാര്‍ക്ക് പരിചയം. എന്നാല്‍ ഇത് വെറുമൊരു മാനസികാസ്വസ്ഥ്യമല്ലെന്നും പ്രതിക്ക് തീവ്രവലതുപക്ഷ ആശയങ്ങളുമായി ബന്ധമുണ്ടെന്നും പോളണ്ടിന്റെ ആഭ്യന്തര മന്ത്രി മാര്സിന് കിര്വിന്സ്കി മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഈ ദാരുണ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Comments: